നെടുമ്പാശേരി: പ്രതിസന്ധികൾക്കിടയിലും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം കാർഗോ മേഖലയിൽ ശക്തമായ വളർച്ച കൈവരിച്ചു. ഗൾഫ് മേഖലയിലേക്കുള്ള കയറ്റുമതി സുഗമമാക്കാൻ ആവിഷ്കരിച്ച പദ്ധതികൾ ഫലം കണ്ടതോടെ പത്തു ശതമാനം വർധനയാണ് ഈ സാമ്പത്തികവർഷം സിയാൽ കൈവരിച്ചത്.
2025–26 സാമ്പത്തികവർഷത്തിൽ സിയാൽ 72,178 മെട്രിക് ടൺ കാർഗോ കൈകാര്യം ചെയ്തു. ഇതിൽ 76 ശതമാനത്തോളം അന്താരാഷ്ട്ര കാർഗോയാണ്. മുൻവർഷത്തേക്കാൾ ഏകദേശം പത്തു ശതമാനം വളർച്ചയാണ് ഇതിലൂടെ രേഖപ്പെടുത്തിയത്.
ഇതോടെ കാർഗോ വിഭാഗത്തിൽനിന്നുള്ള വരുമാനം 52.84 കോടി രൂപയായി ഉയർന്നു. ആഗോള വ്യോമ ചരക്കുമേഖല പ്രതിസന്ധി നേരിട്ട സമയത്തും കൈവരിച്ച ഈ വളർച്ച അന്താരാഷ്ട്ര-പ്രാദേശിക കാർഗോ ശൃംഖലകളിലെ സിയാലിന്റെ വർധിച്ചുവരുന്ന പ്രാധാന്യം വ്യക്തമാക്കുന്നതാണ്.
കാർഗോ ഗതാഗതവും ലോജിസ്റ്റിക്സ് ശൃംഖലയും കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി സിയാൽ പ്രത്യേക ‘ഡെഡിക്കേറ്റഡ് ട്രക്കിംഗ് സെന്റർ’ ആരംഭിച്ചു.
ദീർഘദൂര-ഹ്രസ്വദൂര കാർഗോ ട്രക്കുകൾക്കായി പ്രത്യേക പാർക്കിംഗ്, മൂവ്മെന്റ് ഏരിയകൾ, ഡ്രൈവർമാർക്കുള്ള സൗകര്യങ്ങൾ, വാഹന പാർക്കിംഗ് മേഖലകൾ എന്നിവയടങ്ങിയ ഈ കേന്ദ്രം ചരക്കുഗതാഗതത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കും.